Table of Contents
വ്യവസായ വിപ്ലവം
വ്യവസായ വിപ്ലവം: യന്ത്രവൽക്കരണത്തിന്റെ ഭാഗമായി വ്യവസായ മേഖലയിൽ വന്ന മാറ്റങ്ങളെ സൂചിപ്പിക്കുവാനാണ് വ്യവസായ വിപ്ലവം എന്ന പദം ഉപയോഗിക്കുന്നത്. 1780 കൾക്കും 1850 കൾക്കും മധ്യേ ഇംഗ്ലണ്ടിലാണ് വ്യവസായ വിപ്ലവം ആരംഭിച്ചത്. പുതിയ യന്ത്രങ്ങളുടെയും പുത്തൻ സാങ്കേതിക വിദ്യയുടെയും കണ്ടെത്തൽ ഈ കാലയളവിൽ ഉൽപാദനം പതിന്മടങ്ങ് വർധിക്കാനിടയായി. ആധുനികതയിലേക്കുള്ള നമ്മുടെ പ്രയാണത്തിന്റെ സുപ്രധാനമായ ഒരു കാൽവെപ്പ് ആയിരുന്നു ഇത്. തുണി വ്യവസായത്തിന്റെ ആരംഭവും കൽക്കരി, ഇരുമ്പ്, ആവിശക്തി, കനാലുകൾ, റെയിൽവേ തുടങ്ങിയവയുടെ കണ്ടെത്തലും പരിഷ്കരണവും ഈ കാലഘട്ടത്തിൽ ഉണ്ടായി. വ്യാവസായിക വിപ്ലവത്തെക്കുറിച്ചുള്ള പൂർണ്ണമായ വിശദാംശങ്ങൾ മലയാളത്തിൽ വായിക്കുക.
വ്യവസായ വിപ്ലവം ഇംഗ്ലണ്ടിൽ ആരംഭിക്കാനിടയായ ഘടകങ്ങൾ
- ആധുനിക വ്യവസായ വിപ്ലവം ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്.
- ഇംഗ്ലണ്ടും വെയിൽസും സ്കോട്ലണ്ടും ഒരു രാജ വാഴ്ചയുടെ കീഴിൽ ഏകീകരിച്ചതിനാൽ പതിനേഴാം നൂറ്റാണ്ട് മുതൽ അവിടെ രാഷ്ട്രീയ സ്ഥിരത ഉണ്ടായിരുന്നു.
- പൊതുവായ നിയമവ്യവസ്ഥ ഉണ്ടായിരുന്നു.
- ഏകീകൃത നാണയ സമ്പ്രദായവും ഉണ്ടായിരുന്നു.
- പണം ഒരു വിനിമയ മാധ്യമമായി ഉപയോഗിക്കുവാനും തുടങ്ങി.
- യൂറോപ്പിൽ വളർന്നുവന്ന മഹാനഗരങ്ങളിൽ പകുതിയും ഇംഗ്ലണ്ടിലായിരുന്നു. ഇത് ബ്രിട്ടനെ ആഗോള വ്യാപാര കേന്ദ്രം ആക്കി മാറ്റി.
- നദികളിലൂടെയുള്ള ഗതാഗത സൗകര്യങ്ങൾ വികസിച്ചതും ബ്രിട്ടന് അനുകൂലമായി.
- ബ്രിട്ടനിലെ പ്രാദേശിക ബാങ്കുകളുടെ വികാസം.
- രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളനികളും.
- ജനസംഖ്യ വർദ്ധനവ്.
- റെയിൽവേ നിർമ്മാണത്തിൽ ഉണ്ടായ പുരോഗതി
കനാലുകളും റെയിൽവേയും
- ഗതാഗത രംഗത്തെ പുരോഗതി വ്യവസായ വിപ്ലവത്തിന്റെ പ്രധാന സവിശേഷതയായിരുന്നു.
- നഗരങ്ങളിലേക്ക് കൽക്കരി എത്തിക്കുന്നതിനു വേണ്ടിയാണ് കനാലുകൾ ആദ്യമായി നിർമ്മിക്കപ്പെട്ടത്.
- ഭാരവും ഘനവും കൂടിയ കൽക്കരി കൊണ്ടുപോകുന്നതിന് റോഡിനേക്കാൾ സുഗമവും സൗകര്യപ്രദവും ആയിരുന്നു കനാൽ മാർഗം.
- 1788 മുതൽ 1796 വരെ ഈ ആവശ്യത്തിനായി നിരവധി കനാലുകൾ നിർമ്മിക്കപ്പെട്ടു.
- ഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റത്തിന് തുടക്കം കുറിച്ച ഒന്നായിരുന്നു റെയിൽവേയുടെ വികാസം.
- സാധനങ്ങൾ കൊണ്ടു പോകുന്നതിനും യാത്ര ചെയ്യാനും ചെലവ് കുറഞ്ഞതും വേഗതയേറിയതുമായ ഒരു മാർഗമായി ഇത് വികസിച്ചു.
- ആവിയന്ത്രം കൊണ്ട് പ്രവർത്തിക്കുന്ന തീവണ്ടിയുടെ ഉപജ്ഞാതാവ് ആയിരുന്നു ജോർജ് സ്റ്റീവൻസൺ.
കൽക്കരിയും ഇരുമ്പും
- യന്ത്രവൽക്കരണത്തിനുള്ള മുഖ്യവസ്തുക്കൾ ആയ കൽക്കരി ഇരുമ്പയിര് എന്നിവയും വ്യവസായങ്ങളിൽ ഉപയോഗിച്ചിരുന്ന കറുത്തീയം, ചെമ്പ്, വെളുത്തീയം എന്നീ ധാതുക്കളും ഇംഗ്ലണ്ടിൽ സുലഭമായിരുന്നു.
- സ്ഫുടമാക്കൽ പ്രക്രിയയിലൂടെ (smelting) ആയിരിൽനിന്നു ദ്രവലോഹമായിട്ടാണ് ഇരുമ്പ് വേർതിരിച്ചെടുത്തത്.
- ഷ്രോപ്ഷെയറിലെ ഡാർബി കുടുംബം അരനൂറ്റാണ്ട് കാലയളവിൽ ലോഹ സംസ്കരണ വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു.
- എബ്രഹാം ഡാർബി ഒന്നാമൻ ആയിരുന്നു കണ്ടുപിടിത്തങ്ങൾക്ക് തുടക്കം കുറിച്ചത്. ഒരു ലോഹ ചൂളമാണ് അദ്ദേഹം കണ്ടുപിടിച്ചത്. ഈ ചൂളയിൽ മരക്കരി യിൽ നിന്ന് സൾഫറും മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധീകരിച്ച കൽക്കരിയാണ് (കോക്ക് ) ഇന്ധനമായി ഉപയോഗിച്ചത്.
- ഡാർബി രണ്ടാമൻ കാരിരുമ്പിൽ (pig iron ) നിന്ന് അത്ര എളുപ്പത്തിൽ പൊട്ടിപ്പോകാത്ത പച്ചിരുമ്പ് (wrought iron ) ഉണ്ടാക്കിയെടുത്തു.
- ഡാർബി മൂന്നാമൻ ലോകത്തിലെ ആദ്യത്തെ ഇരുമ്പ് പാലം നിർമ്മിച്ചു. സെവേൺ (Severn) നദിക്ക് കുറുകെ കോൾബ്രുക്ക്ഡെയ്‌ലിൽ (Coalbrookdale) നിർമ്മിച്ച പാലമായിരുന്നു അത്.
പരുത്തിനൂൽനൂൽപ്പും നെയ്ത്തും
- പതിനേഴാം നൂറ്റാണ്ട് മുതൽ ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് ഉയർന്ന വിലക്ക് പരുത്തിത്തുണികൾ വൻതോതിൽ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നു.
- ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി രാഷ്ട്രീയ ആധിപത്യം ഉറപ്പിച്ചതോടെ പരുത്തിത്തുണിക്കൊപ്പം അസംസ്കൃത പരുത്തിയും ഇറക്കുമതി ചെയ്യാൻ തുടങ്ങി.
- പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ നൂൽ നൂൽപ്പു വളരെ മന്ദഗതിയിലും കഠിന പരിശ്രമം ആവശ്യമുള്ളതും ആയിരുന്നു. സ്ത്രീകളാണ് ഈ ജോലിയിൽ കൂടുതലും ഏർപ്പെട്ടിരുന്നത്.
- എന്നാൽ സാങ്കേതിക രംഗത്ത് ഉണ്ടായ തുടർച്ചയായ കണ്ടുപിടിത്തങ്ങൾ നൂൽ നൂൽപ്പുകാരുടെയും നെയ്ത്തുകാരുടെയും ജോലികളുടെ വേഗതകൾ തമ്മിലുള്ള വിടവിന്റെ അകലം കുറയ്ക്കുന്നതിന് കാരണമായി.
- ഉല്പാദന പ്രക്രിയ ഭവനങ്ങളിൽ നിന്ന് ക്രമേണ ഫാക്ടറികളിലേക്ക് മാറ്റപ്പെട്ടു.
- 1780 കൾ മുതൽ ബ്രിട്ടീഷ് വ്യാവസായികവൽക്കരണത്തിന്റെ പ്രതീകമായി നിലകൊണ്ടത് പലതരത്തിലും പരുത്തി വ്യവസായം ആയിരുന്നു.
ആവിശക്തി
- ആവിയിൽ നിന്ന് ശക്തിയേറിയ ഊർജ്ജം ഉല്പാദിപ്പിക്കാൻ കഴിയുമെന്ന് തിരിച്ചറിവ് വൻകിട വ്യാവസായികവൽക്കരണത്തെ സംബന്ധിച്ച് നിർണായകമായിരുന്നു.
- ഖനന വ്യവസായത്തിലാണ് ആവിശക്തി ആദ്യമായി ഉപയോഗിക്കപ്പെട്ടത്.
തോമസ് സാവേറി (Thomas Savery) 1698 ൽ ഖനികളിലെ വെള്ളം വറ്റിക്കുന്നതിനായി മൈനേഴ്‌സ് ഫ്രണ്ട് (Miners Friend) എന്ന പേരിൽ ഒരു മാതൃക ആവിയന്ത്രം വികസിപ്പിച്ചു. - 1769 ൽ ജെയിംസ് വാട്ടിന്റെ കണ്ടുപിടിത്തത്തോടെ ആവിയന്ത്രം ഫാക്ടറികളിലെ യന്ത്രങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്ന മുഖ്യ ചാലകശക്തി (prime mover) എന്ന നിലയിലേക്ക് മാറ്റപ്പെട്ടു.
- 1800 ന് ശേഷം ആവിയന്ത്ര സാങ്കേതികവിദ്യ കൂടുതൽ വികസിക്കപ്പെട്ടു.
- 1840 ൽ യൂറോപ്പിൽ ആകെ ഉപയോഗിച്ച ഊർജ്ജത്തിന്റെ 70 ശതമാനവും ബ്രിട്ടനിലെ ആവിയന്ത്രങ്ങളാണ് ഉല്പാദിപ്പിച്ചിരുന്നത്.
കണ്ടുപിടിത്തങ്ങൾ
തുണി വ്യവസായ രംഗത്തെ കണ്ടുപിടുത്തങ്ങൾ
തുണി വ്യവസായം | |
ജോൺകെ | ഫ്‌ളൈയിങ് ഷട്ടിൽ |
ജെയിംസ് ഹാർഗ്രീവ്സ് | സ്പിന്നിംഗ് ജന്നി |
റിച്ചാർഡ് ആർക്ക്റൈറ്റ് | വാട്ടർ ഫ്രെയിം |
സാമുവൽ ക്രോംപ്ടൻ | മ്യൂൾ |
എഡ്മണ്ട് കാർട്ട്റൈറ്റ് | പവർലൂം |
കൽക്കരി ഇരുമ്പ് ആവിശക്തി എന്നിവയിലെ പ്രധാന കണ്ടുപിടിത്തങ്ങൾ
കൽക്കരി ഇരുമ്പ് ആവിശക്തി | |
എബ്രഹാം ഡാർബി ഒന്നാമൻ | ബ്ലാസ്റ്റ ഫർണസ് |
എബ്രഹാം ഡാർബി രണ്ടാമൻ | വാർപ്പിരുമ്പ് |
എബ്രഹാം ഡാർബി മൂന്നാമൻ | ലോകത്തിലെ ആദ്യ ഇരുമ്പ് പാലം |
ഹെൻറി കോർട്ട് | പുഡ്ഡിംഗ് ഫർണസ് |
ഹെൻറി കോർട്ട് | റോളിങ്ങ് മിൽ |
ജെയിംസ് വാട്ട് | ആവിയന്ത്രം |
വ്യാവസായിക വിപ്ലവത്തിന്റെ ഫലങ്ങൾ
- ഫാക്ടറി സമ്പ്രദായത്തിന്റെ ആവിർഭാവം
- കൂറ്റൻ വ്യവസായ നഗരങ്ങളുടെ വളർച്ച
- വ്യവസായ മുതലാളിമാർ എന്ന പുതിയ വർഗ്ഗത്തിന്റെ ഉത്ഭവം
- പുതിയ കമ്പോളങ്ങൾക്ക് വേണ്ടിയുള്ള മത്സരം
സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ
- തൊഴിലാളികൾ കൂലിപ്പണിക്കാരായി മാറി.
- മുതലാളിമാരുടെ ചൂഷണം വർധിച്ചു.
- നഗരത്തിലെ ജനസംഖ്യ വർദ്ധിച്ചതോടെ പകർച്ചവ്യാധികൾ മൂലമുള്ള മരണവും വർദ്ധിച്ചു.
- കുറഞ്ഞ വേദന ത്തിന് സ്ത്രീകളും കുട്ടികളും പണിയെടുക്കാൻ നിർബന്ധിതരായി.
- ബാലവേല വർധിച്ചു.
പ്രതിഷേധ പ്രസ്ഥാനങ്ങൾ
വ്യവസായ വിപ്ലവത്തിനെതിരായി നിരവധി പ്രതിഷേധ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു.
- ഭക്ഷ്യ ലഹളകൾ.
- വോട്ട് അവകാശത്തിനു വേണ്ടിയുള്ള സമരങ്ങൾ.
- നെഡ് ലുഡ്‌ഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലുഡ്‌ഡിസം (തങ്ങളുടെ ദുരിതത്തിന് കാരണം യന്ത്രങ്ങൾ ആണെന്ന് കരുതിയ തൊഴിലാളികൾ ആരംഭിച്ച പ്രക്ഷോഭം).